Friday, October 10, 2014

Wyanadu 16 kory

ജില്ലയിലെ 16 ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി

റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ 16 ക്വാറികള്‍ക്ക്‌ ജില്ലാഭരണകൂടം ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. വയനാട്‌ ക്വാറി അസോസിയേഷന്‍ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ. മുഖേന നല്‍കിയ നിവേദനത്തെ തുടര്‍ന്ന്‌ സെപ്‌റ്റംബര്‍ 4 ന്‌ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ക്വാറികള്‍ പ്രവര്‍ത്തിക്കാത്തത്‌ സംബന്ധിച്ച്‌ ജനപ്രതിനിധികള്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്‌ ജില്ലാ കളക്‌ടര്‍ ക്വാറികള്‍ക്ക്‌ 2015 ഫെബ്രുവരി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്‌. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നിലവില്‍ പ്രാബല്യത്തിലുള്ള ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പാറ ഖനനം നടത്താന്‍ പാടുള്ളൂ. എ.ഡി.എം, ഡെപ്യൂട്ടി കളക്‌ടര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പഞ്ചായത്ത്‌, തഹസില്‍ദാര്‍, വില്ലേജ്‌ ഓഫിസര്‍, പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ്‌, പോലീസ്‌, ജിയോളജി വിഭാഗം, ജനപ്രതിനിധികള്‍ എന്നിവരാണ്‌ പരിശോധനയില്‍ പങ്കെടുത്തത്‌. പ്രദേശവാസികളുടെ ജീവനും സ്വത്തിനും അപകടമുണ്ടാവുന്ന തരത്തില്‍ ഖനനം പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ ക്വാറി ഉടമകള്‍ നഷ്‌ടപരിഹാരം നല്‍കണം. വില്ലേജ്‌ ഓഫീസര്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത്‌ മാത്രമെ ഖനനം പാടുള്ളൂ. ക്വാറി ഉടമയുടെ പേര്‌, ലൈസന്‍സ്‌ നമ്പര്‍, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ക്വാറികളില്‍ പ്രദര്‍ശിപ്പിക്കണം. ഉല്‍പ്പന്നങ്ങളുടെ വില വിവരവും പ്രദര്‍ശിപ്പിക്കണം. വില നിയന്ത്രിക്കുന്നതിന്‌ ജില്ലാ സമിതിക്ക്‌ അധികാരമുണ്ടാവും. ഇടനിലക്കാരില്ലാതെ ക്വാറി ഉത്‌പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ നല്‍കണം. പാസ്സുകളില്‍ കൃത്രിമം കാണിച്ചാല്‍ ലൈസന്‍സ്‌ റദ്ദാക്കും. പ്രകൃതിദത്ത നീരുറവകള്‍, ജലസ്രോതസ്സുകള്‍, പുരാതന ശിലാരൂപങ്ങള്‍ എന്നിവയുടെ നാശത്തിന്‌ കാരണമാകുന്നവിധം ഖനനം പാടില്ല. ക്വാറികളില്‍ നിന്ന്‌ നീക്കം ചെയ്യുന്ന പാറയുടെ അളവ്‌ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ്‌ വരുത്തണം. തൊഴിലാളികളുടെ രജിസ്‌ടര്‍ സൂക്ഷിക്കണം. ലൈസന്‍സ്‌ മറ്റൊരു വ്യക്തിക്ക്‌ കൈമാറാന്‍ പാടില്ല. നിലവില്‍ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിനാണ്‌ നിരാക്ഷേപ പത്രം നല്‍കിയിട്ടുള്ളത്‌. സ്‌ഫോടക വസ്‌തുക്കളുടെ ഉപയോഗം പാടില്ല. നിയമപ്രകാരം ആവശ്യമായ എല്ലാ ലൈസന്‍സുകളുമുള്ള ക്വാറികള്‍ക്കാണ്‌ പ്രവര്‍ത്തനാനുമതി.

No comments:

Post a Comment