കണ്ണൂര്‍ സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം ലഭിക്കും
കണ്ണൂര്‍ ജില്ലയിലെ പുഴകളില്‍ സാന്‍ഡ് ഓഡിറ്റിംഗും തുടര്‍ നടപടികളും ആറ് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും അതുവരെ നിലവിലുളളപോലെ മണല്‍വാരലിന് അനുമതി നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. വിമാനത്താവളത്തിലേക്കുളള റോഡുകളുടെ നിര്‍മ്മാണം, കണ്ണൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുളള നടപടികള്‍, ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നുളള മണല്‍ ശേഖരണം എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സെപ്തംബര്‍ 30 ന് ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. യോഗത്തില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, വി.കെ.ഇബ്രാഹീം കുഞ്ഞ്, എം.എല്‍.എ. മാരായ സണ്ണി ജോസഫ്, കെ.കെ.നാരായണന്‍, കെ.എം.ഷാജി, ടിവി.രാജേഷ്, എ.പി.അബ്ദുളളകുട്ടി, പൊതുമരാമത്ത് സെകട്ടറി ടി.ഒ.സൂരജ്, വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍, ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍, സബ്കളക്ടര്‍ ഹരിത പി.കുമാര്‍, മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, പരിസ്ഥിതി ആഘാത പഠന സമിതി ചെയര്‍മാന്‍ പ്രൊഫ. ജോയി, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ രോഷിണി ഖാലീദ്, കെ.ഭാസ്‌കരന്‍മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിമാനത്താവളത്തിലേക്കുളള നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് റോഡ് ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. കണ്ണൂരില്‍ നിന്നും വിമാനത്താവളത്തിലേക്ക് കൂടാളി, ചാലോട് വഴിയായും, അഞ്ചരക്കണ്ടി, ചക്കരക്കല്ല് വഴിയായും നിലവിലുളള റോഡുകള്‍ വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും നവീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയതുപോലെ ഉയര്‍ന്ന നഷ്ടപരിഹാര തുക റോഡ് ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് നല്‍കുന്നതിനും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണം ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കണ്ണൂരിനെ റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ടുളള നിര്‍ദ്ദേശം രണ്ട് ആഴ്ചക്കുളളില്‍ ധനവകുപ്പിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ടൗണിലേക്കുളള സമാന്തര റോഡുകള്‍ വീതികുട്ടി നവീകരിക്കുന്നതിന് 17.6 കോടി രൂപയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുന്നതിന് ധാരണയില്‍ എത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ ഉണ്ടായിരുന്നതുപോലെ അംഗീകൃത കടവുകളില്‍ നിന്നും മണല്‍ശേഖരിക്കുന്നതിന് ആറ് മാസത്തേക്കുകൂടി താത്ക്കാലിക അനുമതി നല്‍കും. ഇതു സംബന്ധിച്ച പരിതസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെയും ഗ്രീന്‍ ട്രൈബ്യൂണലിനെയും സമീപിക്കാനും യോഗത്തില്‍ ധാരണയായി.
No comments:
Post a Comment