Thursday, December 20, 2012

Trade Union Rafarandam

ട്രേഡ് യൂണിയനുകളുടെ റഫറണ്ടം



ജില്ലാ തലത്തിലോ, മേഖലാതലത്തിലോ (കൊല്ലം, എറണാകുളം, കോഴിക്കോട്) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ യൂണിയനുകളുടെ റഫറണ്ടം നടത്തുന്നതിനുള്ള അപേക്ഷ അതത് മേഖലകളിലെ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷ കൊല്ലം മേഖലാ ഓഫീസിലും, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം മേഖലാ ആഫീസിലും, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ അപേക്ഷ കോഴിക്കോട് മേഖല ആഫീസിലുമാണ് നല്‍കേണ്ടതെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Wednesday, February 15, 2012

head load act

സബ് ഇന്‍സ്പെക്ടറുടെ പക്കല്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും പുറത്താക്കി. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കാന്‍ തയ്യാറായ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ തൊഴില്‍ വകുപ്പ് ഡി.ജി.പി.ക്ക് പരാതിയും നല്‍കി. എറണാകുളം നഗരത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഏറണാകുളം പള്ളുരുത്തി കസബ പോലീസ് സ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ രാജേഷിന്റെ വീടുനിര്‍മ്മാണ സൈറ്റിലാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. വീടുനിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് നോക്കുകൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ നോക്കുകൂലി നല്‍കി മണല്‍ നിര്‍മ്മാണ സൈറ്റില്‍ ഇറക്കുകയാണ് എസ്.ഐ. രാജേഷ് ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെടുകയും എസ്.ഐ. രാജേഷിന്റെ പക്കല്‍ നിന്നും തൊഴിലാളികള്‍ വാങ്ങിയ അമിതകൂലി രാജേഷിന് തിരിച്ചേല്‍പ്പിക്കുയും ചെയ്തു. മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ലോഡുകളില്‍ നിന്നും ആയിരത്തി അഞ്ചൂറിലധികം രൂപയാണ് തൊഴിലാളികള്‍ കൈപ്പറ്റിയത്. എന്നാല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം എഴുന്നൂറ് രൂപ മാത്രമാണ് ഈ മണല്‍ ഇറക്കാനുള്ള ചിലവ്. ഇത് കഴിച്ച് ബാക്കി വാങ്ങിയ തുക തൊഴിലാളികള്‍ രാജേഷിനെ തിരിച്ചേല്‍പ്പിച്ചു. അമിതമായിവാങ്ങിയ കൂലി തിരിച്ചേല്‍പ്പിച്ചതിനോടൊപ്പം ഈ നടപടികള്‍ ചെയ്ത തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് എറണാകുളം കമ്മിറ്റിയുടെ കീഴിലെ 42-ാം പൂളിലെ വി.എം. ആന്റണി റോബര്‍ട്ട്, കെ.പി. ഷൈജന്‍ എന്നീ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ച എറണാകുളം നഗരത്തില്‍ ഒരു അമിതകൂലി ഈടാക്കുന്ന സംഭവം ഉണ്ടായാല്‍ സത്വരമായി ഇടപെടാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കാതെ തൊഴിലാളികള്‍ക്ക് അമിതകൂലി നല്‍കാനും നോക്കുകൂലി നല്‍കാനും ഒരു സബ് ഇന്‍സ്പെക്ടര്‍ തന്നെ തയ്യാറായതില്‍ തൊഴില്‍ വകുപ്പ് ഡി.ജി.പി.യ്ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ ശ്രമിക്കുന്നതിന് പകരം അമിതകൂലിക്കും നോക്കുകൂലിക്കും ആക്കം കൂട്ടുന്ന തരത്തിലുള്ള നടപടിയാണ് സബ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാപാരേതര മേഖലയിലും ഗാര്‍ഹിക മേഖലയിലും നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീട്ടുനിര്‍മ്മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണ്ണയിച്ചുകഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്തമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഈ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. നോക്കുകൂലിയോ, അമിതകൂലിയോ വാങ്ങുന്നതിനെതിരെ തൊഴില്‍ വകുപ്പിനും, ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന തരത്തില്‍ പ്രകോപനമുണ്ടായാല്‍ പോലീസിലും പരാതിപ്പെടാന്‍ ജനങ്ങള്‍ തയ്യാറാകണം. പൊതുജനങ്ങളുടെ ശക്തമായ പിന്‍തുണയും പ്രതികരണവും ഉണ്ടെങ്കില്‍ മാത്രമെ പൂര്‍ണ്ണതോതില്‍ നോക്കൂകൂലി വിമുക്ത ജില്ലകളെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയൂ എന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. 155-300 (3) എന്ന തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്-ലൈനും, തൊഴില്‍ വകുപ്പ് മന്ത്രിക്ക് പ്രത്യേകമായിട്ടുള്ള ഹെല്‍പ്-ലൈനും ഇത്തരം പരാതികള്‍ ഉന്നയിക്കാനുള്ള വേദിയായി ജനങ്ങള്‍ മാറ്റിയെടുക്കണം. തൊഴില്‍ വകുപ്പിന്റെ വെബ്-സൈറ്റില്‍ കയറ്റിറക്കുകൂലി സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു.